തിരുനെല്ലി ക്ഷേത്രത്തെ കുറിച്ച് അറിയാം


കേരളത്തിലെ വയനാട് ജില്ലയിലെപ്രശസ്തമായ മഹാവിഷ്ണു ക്ഷേത്രമാണ് തിരുനെല്ലി ക്ഷേത്രം. ബ്രഹ്മഗിരി മലനിരകളിലെ കമ്പമല, കരിമല, വരഡിഗ മലകൾ എന്നിവയാൽ ചുറ്റപ്പെട്ട തിരുനെല്ലി ക്ഷേത്രം സഹ്യമലക്ഷേത്രം എന്നും അറിയപ്പെടുന്നു. 30 കരിങ്കൽ തൂണുകളാൽ താങ്ങി നിറുത്തിയിരിക്കുന്ന തിരുനെല്ലി ക്ഷേത്രം ഒരു വാസ്തുവിദ്യാ വിസ്മയം ആണ്. ക്ഷേത്രത്തിന്റെ തറയിൽ വലിയ കരിങ്കൽ പാളികൾ പാകിയിരിക്കുന്നു. പുത്തരി, ചുറ്റുവിളക്ക്, നവരാത്രി, ശിവരാത്രി, കർക്കിടകവാവ് ബലി എന്നിവയാണ് ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങൾ. ക്ഷേത്രത്തിലെ വാർഷികോത്സവം ഏപ്രിൽ മാസത്തിൽ 2 ദിവസങ്ങളിലായി നടക്കുന്നു. ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ പരമാത്മാവായ മഹാവിഷ്ണു ആണ്. പരമശിവന്റെ സാന്നിധ്യവും ക്ഷേത്രത്തിന് സമീപമുള്ള ഗുഹയിലുണ്ട്. ഇവിടെ ശിവന്റെ ജ്യോതിർലിംഗ പ്രതിഷ്ഠ കാണാം. "ദക്ഷിണകാശി" എന്നും "ദക്ഷിണ ഗയ" എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു.
പിതൃക്കൾക്ക് ബലി അർപ്പിക്കുന്നതിനായി ഉള്ള വടക്കൻ മലബാറിലെ ഒരു പ്രധാന സ്ഥലമാണ് ഈ ക്ഷേത്രം.മലയാള മാസങ്ങൾ ആയ കർക്കിടകം (ജൂലൈ-ഓഗസ്റ്റ്), തുലാം (ഒക്ടോബർ-നവംബർ), കുംഭം (ഫെബ്രുവരി-മാർച്ച്) എന്നീ മാസങ്ങളിലെ അമാവാസി ദിവസങ്ങളിൽ ആണ് ബലി ഇടുക. ഈ ക്ഷേത്രത്തിൽ ബലിയിട്ടാൽ മരിച്ചവരുടെ ആത്മാവ് ഭഗവദ് പാദങ്ങളിൽ ലയിച്ചു മോക്ഷം പ്രാപിക്കുമെന്ന വിശ്വാസമുണ്ട്. അതിനാൽ അനേകരാണ് ഇവിടെ പിതൃബലി, തിലഹോമം, പിതൃപൂജ എന്നിവ നടത്താൻ എത്തിച്ചേരുന്നത്.
ചരിത്രം
തിരുനെല്ലി ക്ഷേത്രത്തിന്റെ പ്രാധാന്യം ചേര രാജാക്കന്മാരാ‍യ ഭാസ്കര രവിവർമ്മൻ I, II എന്നിവരുടെ ചെമ്പ് ആലേഖനങ്ങളിൽകാണാം. തിരുനെല്ലി ഗ്രാമത്തിൽ നിന്ന് പുരാവസ്തു ഗവേഷകർ ഈ ചെമ്പുതകിടുകൾ കുഴിച്ചെടുത്തിട്ടുണ്ട്. എ.ഡി. 9-ആം നൂറ്റാണ്ട് വരെ ഈ ചെമ്പുതകിടുകൾക്ക് പഴക്കം ഉണ്ട്. ചരിത്ര രേഖകൾ അനുസരിച്ച് തിരുനെല്ലി 16-ആം നൂ‍റ്റാണ്ടുവരെ തെക്കേ ഇന്ത്യയിലെ ഏറ്റവും സമൃദ്ധമായ സ്ഥലങ്ങളിൽ ഒന്നായിരുന്നു.
ഭാസ്കര രവിവർമ്മന്റെ കാലത്ത് ഈ ക്ഷേത്രം ഒരു പ്രധാന തീർത്ഥാടന കേന്ദ്രമായിരുന്നു. അന്നത്തെ നാണയം ആയ 12 ‘രാശി‘കൾ ഉപയോഗിച്ച് കൊത്തുപണിചെയ്ത കല്ലുകൾ ഇവിടെ നിന്നും കുഴിച്ചെടുത്തിട്ടുണ്ട്.
ഈ ക്ഷേത്രത്തിന്റെ ചരിത്രം കാസർഗോഡ് ജില്ലയിലെ കുംബ്ല രാജവംശവുമായുംകുറുമ്പ്രനാട് രാജവംശവുമായും വയനാട്രാ‍ജാക്കന്മാരും ആയും ബന്ധപ്പെട്ടു കിടക്കുന്നു. കൂർഗ്ഗിലെ രാജാക്കന്മാരും ആയും ഈ ക്ഷേത്രത്തിനു ബന്ധമുണ്ട്. ഈ ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തിന് അടുത്തായി ഉള്ള ചില കൽ‌പ്രതിമകളുടെ അവശിഷ്ടങ്ങൾ കൂർഗ്ഗ് രാജാക്കന്മാർനിർമ്മിച്ചതാണ് എന്ന് കണ്ടെത്തിയിട്ടുണ്ട്.
ഈ പ്രദേശത്ത് ഒരു പുരാതന ഗ്രാമത്തിന്റെ അവശിഷ്ടങ്ങൾ ഇപ്പോഴും കാണാം. പാപനാശിനി ഗ്രാമം, പഞ്ചതീർത്ഥ ഗ്രാമംഎന്നീ രണ്ടു ഗ്രാമങ്ങൾ ഇവിടെ നിലനിന്നിരുന്നു. അജ്ഞാതമായ ചില കാരണങ്ങളാൽ (മിക്കവാറും ഒരു പകർച്ചവ്യാധിയാൽ) ഈ ഗ്രാമങ്ങൾ നശിപ്പിക്കപ്പെട്ടു. ജനങ്ങൾ മാനന്തവാടിക്ക്അടുത്തുള്ള സ്ഥലങ്ങളിലേക്ക് അഭയം തേടി. മാനന്തവാടിയിലെ ചില കുടുംബങ്ങൾ തങ്ങളുടെ തായ്‌വഴികൾ ഈ ഗ്രാമങ്ങളിൽ നിന്ന് ആണെന്നു പറയുന്നു.ഈ ക്ഷേത്രത്തിൽ കിണർ ഇല്ല.
ഐതിഹ്യം
ഈ ക്ഷേത്രത്തിന്റെ ഉൽപ്പത്തിയെ പറ്റി പല ഐതിഹ്യങ്ങളും ഉണ്ട്. ബ്രഹ്മാവ് ഈ ക്ഷേത്രം നിർമ്മിച്ച് വിഷ്ണുവിനു സമർപ്പിച്ചു എന്നും ചതുർഭുജങ്ങളുടെ രൂപത്തിലാണ് ഈ ക്ഷേത്രം പണിതതെന്നും ആണ് ഐതിഹ്യം. അതുകൊണ്ടാണ് ഈ ക്ഷേത്രത്തിനു ചുറ്റുമുള്ള മലനിരകൾ ബ്രഹ്മഗിരി എന്ന് അറിയപ്പെടുന്നത് എന്നും പറയപ്പെടുന്നു. മൈസൂരിലേക്ക്തീർത്ഥയാത്ര പോയ മൂന്നു മലയാളി നമ്പൂതിരിമാർക്ക് വഴിതെറ്റി വിശന്നു വലഞ്ഞ് ഇവിടെ കിടന്നു കറങ്ങിയപ്പോൾ ഇവർ ഒരു പുരാതന ക്ഷേത്രം കാടുപിടിച്ച് നിൽക്കുന്നത് കണ്ടു. അതിനടുത്തായി നിറയെ നെല്ലിക്കയുള്ള ഒരു നെല്ലിമരം കണ്ട് അവർ തങ്ങളുടെ പൈദാഹങ്ങൾ അകറ്റി. അതിന് ശെഷം ഒരു അശിരീരി കേൾക്കുകയും ഈ സ്ഥലത്ത് പരബ്രഹ്മസ്വരൂപികളായ ത്രിമൂർത്തികളുടെ സാന്നിധ്യം ഉണ്ടെന്നും; "തിരുനെല്ലി" എന്ന് നാമകരണം ചെയ്യണമെന്നും ഇനി മറ്റ് സ്ഥലങ്ങളിൽ തീർഥാടനം നടത്തേണ്ടതില്ലെന്നും അറിയിച്ചു. ഇതിനാൽ ഇവർ ഈ സ്ഥലം തിരുനെല്ലി എന്ന് നാമകരണം ചെയ്തു എന്നാണ് മറ്റൊരു ഐതിഹ്യം. ഈ ക്ഷേത്രത്തിനു ചുറ്റുമുള്ള വനങ്ങളിൽ നെല്ലിമരങ്ങൾ ധാരാ‍ളമായി കാണാം. തൃശ്ശിലേരിയിലെ ശ്രീമഹാദേവന് വിളക്കുവച്ച്, പാപനാശിനിയിൽബലിതർപ്പണത്തിനുശേഷം, തിരുനെല്ലിയിൽ മഹാവിഷ്ണുവിനെവണങ്ങുന്നതാണ് പഴയ ആചാരം. ഇന്ന് ചുരുക്കം ചില ഭക്തന്മാർ മാത്രമാണ് ഈ രീതി പിന്തുടരുന്നത്.
ഭൂപ്രകൃതി
ഈ ക്ഷേത്രത്തിൽ നിന്ന് അൽ‌പം അകലെയാണ് പാ‍പനാശിനി എന്ന അരുവി. പാപനാശിനിയിലെ പുണ്യജലത്തിൽ ഒന്നു മുങ്ങിയാൽ എല്ലാ പാപങ്ങളിൽ നിന്നും മോചിതരാവും എന്നാണ് വിശ്വാസം.
ഈ അരുവിക്ക് എല്ലാ പാപങ്ങളും നശിപ്പിക്കുവാനുള്ള ദിവ്യശക്തി ഉണ്ടെന്ന് വിശ്വസിക്കപ്പെടുന്നു. ബ്രഹ്മഗിരി മലനിരകളുടെ പ്രശാന്തമായ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന തിരുനെല്ലി പ്രകൃതിമനോഹരമായ ഒരു സ്ഥലം ആണ്. വയനാട് വന്യജീവി സംരക്ഷണ കേന്ദ്രത്തിനു നടുക്കാണ് തിരുനെല്ലി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ഇതിന് വടക്കുകിഴക്കായി കർണാടകത്തിലെ നാഗർഹോളെ, ബന്ദിപ്പൂർ എന്നീ വന്യജീവി സംരക്ഷണ കേന്ദ്രങ്ങളും തെക്കു കിഴക്കായി തമിഴ്‌നാട്ടിലെ മുതുമലയുംസ്ഥിതിചെയ്യുന്നു. വളരെ ജൈവ വൈവിധ്യം ഉള്ള ഈ വന്യജീവി സംരക്ഷണ കേന്ദ്രം നീലഗിരി ബയോ റിസർവിന്റെ ഒരു പ്രധാന ഭാ‍ഗം ആണ്. നാനാവിധത്തിലുള്ള സസ്യ-ജീവിജാലങ്ങളെ ഇവിടെ കാണാം.
സാഹസിക മലകയറ്റക്കാർക്ക് പ്രിയങ്കരമായ പക്ഷിപാതാളം ഇവിടെ നിന്നും 7 കിലോമീറ്റർ അകലെയാണ്. കടൽനിരപ്പിൽ നിന്നും 1740 മീറ്റർ ഉയരമുള്ള ഇവിടെ എത്തുവാൻ കേരള വനം വകുപ്പിൽ നിന്ന് മുൻ‌കൂർ അനുമതി വാങ്ങണം.
പിതൃപുണ്യ സുകൃതം
പിതൃക്കളുടെ മോക്ഷത്തിന്‌ ജനങ്ങള്‍ തീര്‍ത്ഥഘട്ടങ്ങളിലും മഹാക്ഷേത്രങ്ങളിലും നദീതീരങ്ങളിലും ബലിയര്‍പ്പിക്കുന്നു. മണ്‍മറഞ്ഞ പ്രിയപ്പെട്ടവരുടെ ഓര്‍മ്മകളുണര്‍ത്തി അവരുടെ ആത്മാക്കള്‍ക്ക്‌ ശാന്തി നേരാനുള്ള അവസരം.
കേരളത്തിലെ വടക്കും തെക്കുമുള്ള പ്രശസ്തമായ തിരുവല്ലം ക്ഷേത്രത്തിലും [തിരുവനന്തപുരം] തിരുനെല്ലി ക്ഷത്രത്തിലും [വയനാട്]  തീര്‍ത്ഥഘട്ടങ്ങളിലും,  ലക്ഷക്കണക്കിനാളുകളാണ്‌ പിതൃമോക്ഷത്തിനായി ബലിയര്‍പ്പിക്കുന്നത്‌. തിരുവല്ലം പരശുരാമ ക്ഷേത്രവും തിരുനെല്ലി വിഷ്ണു ക്ഷേത്രവുമാണ്‌.
പാപനാശിനിയില്‍ കുളിച്ച്‌ പൂജാരിയുടെ മുന്നിലിരുന്ന്‌ പിതൃക്കളെ ധ്യാനിച്ച്‌, വാഴയിലയില്‍ നനച്ച അരിയും എള്ളും ദര്‍ഭയും അര്‍ച്ചിച്ച്‌ പൂജിക്കുകയാണ്‌ ബലിയുടെ ആദ്യ കര്‍മ്മം. പിന്നെ ഇലയിലെ അരിയും മറ്റും തലയിലേറ്റി തീര്‍ത്ഥത്തിലേക്കിറങ്ങി പിന്നിലേക്കിടുകയാണ്‌ ചെയ്യുന്നത്‌. വാവ്‌ ദിവസം ഉച്ചയ്ക്ക്‌ സദ്യയോടെയാണ്‌ ഭക്ഷണം. രാത്രിയില്‍ പിതൃക്കള്‍ക്ക്‌ പ്രത്യേക സദ്യയൊരുക്കുന്ന പതിവുമുണ്ട്‌. പിതൃക്കള്‍ ഈ സദ്യയുണ്ണാന്‍ എത്തുമെന്നാണ്‌ വിശ്വാസം. പിന്‍മുറക്കാര്‍ ഇപ്പോഴും സുഭിക്ഷമായാണോ ജീവിക്കുന്നത്‌ എന്നറിയാനാണത്രെ പിതൃക്കള്‍ രാത്രിയില്‍ എത്തുന്നത്‌.
സമൂഹത്തിന്റെ ആത്മീയ പരിണാമധാരയിലെ മൂര്‍ത്തീ സ്ഥാനങ്ങളില്‍ പ്രാധാന്യത്തോടെ നിലകൊള്ളുന്ന തിരുനെല്ലി ക്ഷേത്രം ഐതീഹ്യങ്ങളിലും ചരിത്ര ഗ്രന്ഥങ്ങളിലും വിശിഷ്ടദേവസ്ഥാനം എന്ന നിലയിലാണ്‌ പ്രതിപാദിക്കുന്നത്‌.
ബ്രഹ്മദേവനാണ്‌ തിരുനെല്ലി ക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയതെന്നാണ്‌ ഐതീഹ്യം. കുടക്‌ മലകളോട്‌ ചേര്‍ന്നു കിടക്കുന്ന ബ്രഹ്മഗിരിയുടെ ചേതോഹര പ്രകൃതിയില്‍ വന്നിറങ്ങിയ ബ്രഹ്മദേവന്‍, അവിടുത്തെ സുമോഹന പ്രകൃതിയില്‍ വിഷ്ണുസാന്നിധ്യം തിരിച്ചറിഞ്ഞു. മലയില്‍ കണ്ടെത്തിയ വിഷ്ണുശില ബ്രഹ്മഗിരിയുടെ താഴ്‌വാരപ്രദേശമായ തിരുനെല്ലിയില്‍ പ്രതിഷ്ഠിച്ചു.ബ്രഹ്മാവിനു മുന്നില്‍ പ്രത്യക്ഷപ്പെട്ട വിഷ്ണു ഭഗവാന്‍ ക്ഷേത്ര മാഹാത്മ്യം വിശദീകരിക്കുകയും ചെയ്തു.
“ശ്രീ തിരുനെല്ലി ക്ഷേത്രത്തെ ഓര്‍ത്താല്‍ ഐശ്വര്യവും മോക്ഷവും ലഭിക്കുന്നതാണ്‌. കാശിയില്‍ പരമമായ ശാന്തി ലഭിക്കുന്നതുപോലെ ഇവിടെയും മോക്ഷം നേടാം. ഇവിടെ പിണ്ഡം വച്ചാല്‍ ഗയാശ്രാദ്ധം ഊട്ടിയ ഫലം ഉണ്ടാകും….”
ബലിസങ്കല്‍പം, ഉണ്ണിയച്ചീചരിതം എന്നീ ഗ്രന്ഥങ്ങളിലെല്ലാം തിരുനെല്ലി ക്ഷേത്രത്തെക്കുറിച്ച്‌ പ്രതിപാദിക്കുന്നുണ്ട്‌. ആമലക (നെല്ലിക്ക) ക്ഷേത്രം എന്നും തിരുനെല്ലി ക്ഷേത്രം അറിയപ്പെടുന്നു. ഇവിടെ നെല്ലിക്ക വീണ്‌ കല്ലായ തീര്‍ത്ഥ സ്ഥലത്ത്‌ ഗുണ്ടിക ഗുഹയെന്നൊരു ഭാഗമുണ്ട്‌. പഴയകാലത്ത്‌ കുടകന്മാരായ ഭക്തര്‍ ഇവിടെ വന്ന്‌ ഗുണ്ടിക ദര്‍ശന പൂജകള്‍ നടത്തിയിരുന്നു. കുടകിലെ തലക്കാവേരിയിലും തിരുനെല്ലിയിലെ ഗുണ്ടികാസ്ഥാനത്തിന്‌ സമാനമായ ഒരു തീര്‍ത്ഥസ്ഥാനമുണ്ട്‌.
ഗുണ്ടികാദര്‍ശനം ക്ഷേത്രത്തിനു താഴെയുള്ള ദൈവത്താര്‍ മണ്ഡപ ദര്‍ശനം എന്നി ചടങ്ങുകള്‍ക്ക്‌ ശേഷമേ പണ്ട്‌ മഹാവിഷ്ണു ക്ഷേത്ര ദര്‍ശനം നടത്തിയിരുന്നുള്ളു.
ശൈവ-വൈഷ്ണവ സംഘര്‍ഷകാലത്ത്‌ തിരുനെല്ലിയില്‍ നിന്ന്‌ മാറ്റി പ്രതിഷ്ഠിക്കപ്പെട്ട ശിവചൈതന്യമാണ്‌ ത്രിശിലേരി ക്ഷേത്രത്തില്‍ സ്ഥിതിചെയ്യുന്നത്‌. ത്രിശിലേരിക്ക്‌ തിരുമത്തൂര്‍ എന്നൊരു പഴയ പേരുണ്ട്‌. തിരുനെല്ലിയുടെ ശിരസ്സാണ്‌ ത്രിശിലേരി എന്നാണ്‌ ജ്ഞാനികളുടെ മതം. 
പാപനാശിനിപ്പുഴയുടെ ഉത്ഭവം ബ്രഹ്മഗിരിയുടെ നിഗൂഢതകളിലെവിടെയോ ആണ്‌. ഔഷധഗുണപ്രധാനങ്ങളായ അപൂര്‍വ്വ സസ്യങ്ങളുടെ കേദാരം കൂടിയാണ്‌ ബ്രഹ്മഗിരി. പാപനാശിനി ഒഴുകി വരുന്നത്‌ പിണ്ഡപ്പാറയിലേക്കാണ്‌. മരിച്ചവര്‍ക്കു പിണ്ഡം വയ്ക്കുന്നതിവിടെയാണ്‌. പാപനാശിനി, പക്ഷിപാതാളം അഥവാ ഋഷിപാതാളം, ത്രിശിലേരി, കാളിന്ദീ എന്നീ നാല്‌ ദിവ്യസ്ഥാനങ്ങള്‍ തിരുനെല്ലി ക്ഷേത്രത്തോട്‌ ചേര്‍ന്ന്‌ കിടക്കുന്നു. 
തച്ചോളി ഒതേനന്‍ 64 പടനയിച്ച്‌ പൊന്നിയം പടനിലത്ത്‌ നടത്തിയ അറുപത്തിയഞ്ചാം പടയില്‍ വിജയിയായി, മറന്നുപോയ ഉടവാള്‍ എടുക്കാന്‍ മടങ്ങവേ ഒളിവെട്ടുകൊണ്ട്‌ മരിച്ച ശേഷം അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ പാപനാശിനിയില്‍ നിമജ്ജനം ചെയ്തതിന്റെ സൂചനകള്‍ വടക്കന്‍പാട്ടില്‍ കാണാം.
വൈഷ്ണവ സങ്കല്‍പങ്ങള്‍ വരുന്നതിനു മുമ്പ്‌ വയനാട്ടിലെ ആദിവാസികള്‍ ദൈവത്താര്‍ എന്നൊരു കല്‍പനയെ ആരാധിച്ചിരുന്നു. തിരുനെല്ലി ക്ഷേത്രത്തിന്‌ താഴെയുള്ള ദൈവത്താര്‍ മണ്ഡപം ഇതുമായി ബന്ധപ്പെട്ട ഒരു ആരാധനാസ്ഥാനമാണ്‌. മറ്റൊരു പ്രധാന സ്ഥലം പഞ്ചതീര്‍ത്ഥക്കുളമാണ്‌. ബ്രഹ്മഗിരിയില്‍ നിന്നുറവെടുക്കുന്ന ചക്രതീര്‍ത്ഥം, പാദതീര്‍ത്ഥം, ചെറുഗദാതീര്‍ത്ഥം, ശംഖതീര്‍ത്ഥം എന്നിവ ചേര്‍ന്നതാണ്‌ പഞ്ചതീര്‍ത്ഥം.
ആയിരക്കണക്കിന്‌ പക്ഷികള്‍ മുനിമാരെപ്പോലെ തലകീഴായി തപസ്സുചെയ്യുന്നത്‌ പക്ഷിപാതാളത്തില്‍ കാണാം.
ജൈനബുദ്ധ കാലത്തിലെ മുനിയറകള്‍ പോലെ ചരിത്രപ്രാധാന്യമുള്ള മുനിയറകളാണ്‌ പക്ഷിപാതാളത്തിലേത്‌. അവയ്ക്ക്‌ തിരുനെല്ലി ക്ഷേത്രവുമാവി അഭേദ്യ ബന്ധമാണുള്ളത്‌. ബ്രഹ്മഗിരിയിലെ ഗരുഡന്‍ പാറയുടെ കീഴിലാണ്‌ പക്ഷിപാതാളം സ്ഥിതിചെയ്യുന്നത്‌.
ക്ഷേത്രക്കിണര്‍ ഇല്ലാത്ത ക്ഷേത്രമാണ്‌ തിരുനെല്ലി ക്ഷേത്രം. പാപനാശിനിയില്‍ നിന്ന്‌ കല്ലുപാത്തി വഴിയെത്തുന്ന ജലമാണ്‌ ക്ഷേത്രാവശ്യങ്ങള്‍ക്കു ഉപയോഗിക്കുന്നത്‌.
മലബാര്‍ ഭാഗത്തെ നായനാര്‍ തറവാട്ടിലെ തമ്പുരാട്ടിയുമായി ബന്ധപ്പെട്ട ഐതീഹ്യം കല്ലുപാത്തിക്ക്‌ പറയുന്നുണ്ട്‌. ക്ഷേത്ര ദര്‍ശനത്തിനെത്തിയ സുന്ദരിയായ തമ്പുരാട്ടിക്ക്‌ ദാഹജലം കിട്ടാതെ വന്നപ്പോള്‍ പാപനാശിനിയിലെ ജലം മുളം പാത്തിവഴി തിരിച്ചുവിട്ടുനല്‍കി. പില്‍ക്കാലത്ത്‌ മുളംപാത്തി കല്‍പ്പാത്തിക്ക്‌ വഴിമാറിയത്രെ.
ക്ഷേത്രത്തിന്റെ ബലിക്കല്ല്‌ ഒരുവശത്തേക്ക്‌ ചെരിഞ്ഞിരിക്കുന്നതുമായി ബന്ധപ്പെട്ട്‌ മറ്റൊരു കഥയുണ്ട്‌. ക്ഷേത്രത്തില്‍ തൊഴാന്‍ വന്ന ഒരു ആദിവാസി വൃദ്ധനെ ക്ഷേത്രത്തില്‍ കയറ്റാന്‍ പണ്ട്‌ ക്ഷേത്ര അധികാരികള്‍ അനുവദിച്ചില്ല. ഭഗവാന്റെ വിഗ്രഹമെങ്കിലും കണ്ട്‌ പോകാമെന്ന്‌ ആ പാവം വൃദ്ധന്‍ കരുതി. പുറത്ത്‌ മാറിനിന്ന്‌ വിഗ്രഹത്തെ നോക്കിയപ്പോള്‍ ബലികല്ല്‌ മറഞ്ഞതിനാല്‍ വിഗ്രഹം കാണാന്‍ കഴിഞ്ഞില്ല. എന്നാല്‍ പെട്ടെന്ന്‌ ബലിക്കല്ല്‌ ഒരു വശത്തേക്കു മാറിയതായും ആദിവാസി വൃദ്ധന്‍ ദേവബിംബം കണ്ട്‌ ദര്‍ശന സായൂജ്യം അടയുകയും ചെയ്തുവത്രേ! ഇപ്പോഴും ഈ ക്ഷേത്രത്തിലെ ശാന്തിക്കാരന്‍ പൂജാനന്തരം മറ്റൊരു പൂജക്കായുള്ള പൂജാദ്രവ്യങ്ങള്‍ ഒരുക്കി വെച്ചശേഷമാണ്‌ നടയടക്കാറ്‌. പണ്ട്‌ ബ്രഹ്മഗിരി മലയുടെ സൗന്ദര്യം കണ്ട്‌ മലയിലെത്തി വിഷ്ണു സാന്നിദ്ധ്യം അറിഞ്ഞ്‌ വിഷ്ണുശില തിരുനെല്ലിയില്‍ പ്രതിഷ്ഠിച്ച ബ്രഹ്മദേവന്‍ നടയടച്ച്‌ കഴിഞ്ഞാല്‍ ക്ഷേത്രത്തില്‍ എത്തി പൂജനടത്തുമെന്ന വിശ്വാസമാണ്‌ ഇതിന്‌ പിന്നില്‍.
തിരുനെല്ലി ക്ഷേത്രത്തിനടുത്ത്‌ ശ്രീപരമേശ്വരന്‍ ഗൃഹാവാസിയായി താമസിച്ചുവെന്ന്‌ പറയുന്നു. ഇത്‌ സ്വയംഭൂ ശിവനാണെന്ന്‌ കരുതുന്നു. ബ്രഹ്മഗിരിയിലെ ‘ഭൂതത്താന്‍ കുന്ന്‌’ കയറി ഇറങ്ങിയാല്‍ പന്ത്രണ്ട്‌ നാഴികയാണ്‌ കൊട്ടിയൂര്‍ ക്ഷേത്രത്തിലേക്കുള്ള ദൂരം. കൊട്ടിയൂര്‍ ഉല്‍സവത്തിന്‌ മുന്‍പ്‌ തിരുനെല്ലിയില്‍ നിന്ന്‌ കൊട്ടിയൂരിലേക്ക്‌, ‘ഭൂതത്താന്‍മാരെ പറഞ്ഞയക്കല്‍’ എന്നൊരു ചടങ്ങ്‌ ഇടവമാസം വിശാഖം നാളില്‍ തിരുനെല്ലിയിലും കൊട്ടിയൂര്‍ ഉത്സവാനന്തരം ഈ ഭൂതത്താന്‍മാരെ തിരുനെല്ലിയിലേക്ക്‌ തിരിച്ചയക്കല്‍ എന്ന ചടങ്ങ്‌ കൊട്ടിയൂരിലും അനുഷ്ഠിച്ചു വരുന്നു.
ചേരരാജാവായിരുന്ന ഭാസ്കരവര്‍മ്മന്‍ ഒന്നാമന്റെ കാലത്ത്‌ തിരുനെല്ലി ഒരു വലിയ പട്ടണവും വിഷ്ണുക്ഷേത്രം പ്രതാപ ധാവള്യത്താല്‍ പെരുമപെറ്റതുമായിരുന്നു. വലിയ ഒരു തീര്‍ത്ഥാടക കേന്ദ്രം എന്ന നിലയില്‍തന്നെ ഈ ക്ഷേത്രം അറിയപ്പെട്ടിരുന്നു. പുറംകിഴാനാട്‌ എന്ന്‌ പണ്ട്‌ കേള്‍വികേട്ട കോട്ടയം രാജവംശത്തിന്റെ കീഴിലായിരുന്ന തിരുനെല്ലി ക്ഷേത്രത്തില്‍ കുറുമ്പ്രനാട്‌ രാജാക്കന്‍മാര്‍ക്കും പുറനാട്‌ രാജാക്കന്‍മാര്‍ക്കും കുറുപുറെ രാജാക്കന്‍മാര്‍ക്കും വാഴ്ചാ ബന്ധങ്ങള്‍ ഉണ്ടായിരുന്നു.
എ.ഡി.978 ഭാസ്കരവര്‍മ്മന്‍ ഒന്നാമന്റെ സിംഹാസനാരാരോഹണാന്തരമുള്ള ചെമ്പുലിഖിതങ്ങളില്‍ തിരുനെല്ലി ക്ഷേത്ര സംബന്ധിയായ ഒരു ശാസനം കാണപ്പെട്ടിരുന്നു. ഈ ചെമ്പെഴുത്ത്‌ ലഭിച്ചതും തിരുനെല്ലി ക്ഷേത്രത്തിനുള്ളില്‍ നിന്നാണ്‌.
വയനാട്‌ വേടരാജാവിന്‌ നഷ്ടമായ ഒരു സംഭവമായി തിരുനെല്ലി ക്ഷേത്രം ബന്ധപ്പെട്ടിരിക്കുന്നതായും കാണുന്നുണ്ട്‌.
കുംബളമായ്പ്പാടി എന്ന രാജ്യത്തെ രാജകുമാരന്‍ വേടരാജാവിന്റെ മകളെ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന്‌ വയനാട്‌ വാണിരുന്ന വേടരാജാവ്‌ ആ രാജകുമാരനെ തടവിലാക്കി. ഇതറിഞ്ഞ കുംബളമായ്പ്പാടി രാജാവ്‌ കോട്ടയം, കുറുമ്പ്രനാട്‌ രാജാക്കന്‍മാരുമായി ചെന്ന്‌ കുമാരനെ മോചിപ്പിച്ചു. പിന്നീട്‌ കാലാന്തരങ്ങളോളം തിരുനെല്ലി ക്ഷേത്രം വേടരാജാവിനെ വധിച്ച രാജാക്കന്‍മാരുടെ അധീനതയിലായിരുന്നു.
ഈ ക്ഷേത്രത്തിലെ തര്‍പ്പണ ഘട്ടത്തില്‍ ഉള്ള ചടങ്ങ്‌ പിണ്ഡം, ബലിയിടല്‍, തര്‍പ്പണം മുതലായവയാണ്‌. ഒരാള്‍ മരിച്ച്‌ കഴിഞ്ഞാല്‍ ഒരു വര്‍ഷം വരെ നീളുന്ന നിത്യബലിയാണ്‌. ദീക്ഷാപിണ്ഡം. ഇത്‌ ഒരു വഴിപാടാണ്‌. തിലഹോമം, അന്നദാനം, പ്രതിമ ഒപ്പിക്കല്‍, പിതൃപൂജ, പിതൃനമസ്കാരം മുതലായ വഴിപാടും ഇവിടെ നടത്തപ്പെടുന്നു. അതോടൊപ്പം വിഷ്ണുപ്രീതികരമായതും ശിവപ്രീതികരമായതും ഗണപതി പ്രതീകരമായതുമായ പൂജകള്‍, കെട്ടുനിറ, രോഗശമനകരം, സന്താനലാഭകരം, ദീര്‍ഘായുസ്സ്‌ എന്നിവക്കുള്ള വഴിപാടുകളും നടത്തുന്നു.
വിശേഷ ദിവസങ്ങൾ
തിരുനെല്ലി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ പ്രധാന വിശേഷ ദിവസങ്ങളെ കുറിച്ചുള്ള വിവരണങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
പ്രതിഷ്ഠാ ദിനം - മീനമാസത്തിലെ അശ്വതി നക്ഷത്രത്തില്‍
ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തെക്കിനേടത്ത് തരണനല്ലൂര്‍ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്‍റെ നേതൃത്വത്തില്‍ കൊല്ലവര്‍ഷം 1186 മീനമാസത്തില്‍ നടന്ന പുന:പ്രതിഷ്ഠാ നവീകരണകലശത്തിനു ശേഷം ഇപ്പോള്‍ മീനമാസത്തിലെ അശ്വതി നക്ഷത്രത്തിലാണ് പ്രതിഷ്ഠാദിനം കൊണ്ടാടുന്നത്. പ്രാസാദശുദ്ധി, അസ്ത്ര കലശം, രാക്ഷോഘന ഹോമം, വാസ്തു ഹോമം, വാസ്തു കലശം, വാസ്തു ബലി, വാസ്തു പുണ്യാഹം, ചതശുദ്ധി, ധാര, പഞ്ചഗവ്യം, പഞ്ചകം, കലാശാഭിഷേകങ്ങള്‍, ദ്രവ്യകലശം, അധിവാസ ഹോമം, കലശാധിവാസം, അധിവാസം വിടര്‍ത്തി പൂജ, പരികലശാഭിഷേകം, ബ്രഹ്മകലശാഭിഷേകം, ശ്രീഭൂതബലി എന്നിവയോടുകൂടി മീനമാസത്തിലെ അശ്വതി നക്ഷത്രത്തിലാണ് 3 ദിവസത്തെ പ്രതിഷ്ഠാദിനം അവസാനിക്കുന്നത്.
വാവു ബലി
കാശിയും ഗയയും ഹരിദ്വാറും കഴിഞ്ഞാല്‍ പിതൃകര്‍മ്മത്തിന് ഏറ്റവും പ്രധാനപ്പെട്ട സ്ഥലമാണ് തെക്കന്‍കാശി എന്നറിയപ്പെടുന്ന ശ്രീ തിരുനെല്ലിയിലെ പാപനാശിനി. മരണാനന്തരം ആത്മാവ് വിഷ്ണു പാദത്തിലാണ് സായൂജ്യം ചേരേണ്ടതെന്നും, ബ്രഹ്മാവിനാല്‍ പ്രതിഷ്ഠിതമായ ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ ചെയ്യുന്ന പിതൃകര്‍മ്മത്തോളം ഗുണം വേറൊന്നിനില്ല എതാണു ദൃഢമായ ഹൈന്ദവ വിശ്വാസം. ഈ പ്രാധാന്യം മനസിലാക്കിയാണ് ജമദഗ്നി മഹര്‍ഷി, പരശുരാമന്‍, ശ്രീരാമന്‍ തുടങ്ങി പല മുനിശ്രേഷ്ഠന്മാരും ഐതിഹാസിക പുരുഷന്മാരും പാപനാശിനിയില്‍ വാവു ശ്രാദ്ധകര്‍മ്മങ്ങള്‍ നടത്തിയത് എന്നുമാണ് പറയപ്പെടുന്നത്. ഇവിടെവെച്ച് പിതൃക്രിയ നടത്തുന്നത് വംശവൃദ്ധിക്കും ഐശ്വര്യത്തിനും പിതൃപ്രീതിക്കും ബഹുവിശേഷമെന്നുമാണ് വിശ്വാസം.
പിതൃക്കളെ ഉദ്ദേശിച്ച് നാം നല്‍കുന്ന നിത്യഭക്ഷണമാണ് ശ്രാദ്ധം. ശ്രദ്ധയോടെ നല്‍കുന്നത് എന്ന അര്‍ത്ഥത്തിലാണ് ബലിക്ക് ശ്രാദ്ധം എന്ന പേര്‍ വന്നത്. ഓരോ വര്‍ഷവും മരണം നടന്ന മാസത്തിലെ മരണതിഥി അഥവാ മരണദിവസത്തെ നക്ഷത്രം വരുന്ന ദിവസത്തിലാണ് പിതൃക്കളിലൊരാളെ മാത്രം ഉദ്ദേശിച്ച് ശ്രാദ്ധം ചെയ്യേണ്ടത്. ഇങ്ങനെ പിതൃക്കളിലൊരാളെ മാത്രം ഉദ്ദേശിച്ച് ചെയ്യുന്ന ശ്രാദ്ധത്തിന് ഏകോദ്ദിഷ്ട ശ്രാദ്ധം അല്ലെങ്കില്‍ ആണ്ട് ബലി എന്നും ഒന്നിലധികം പിതൃക്കളെ ഉദ്ദേശിച്ച് ചെയ്യുന്ന ശ്രാദ്ധത്തിന് ബഹുദ്ദിഷ്ട ശ്രാദ്ധം എന്നും പറയുന്നു.
ബഹുദ്ദിഷ്ട ശ്രാദ്ധത്തിന് ഏറ്റവും പറ്റിയ സമയം അമാവാസിയാണ്. അതുകൊണ്ട് തന്നെ ബഹുദ്ദിഷ്ട ശ്രാദ്ധം വാവുബലി എന്നും അറിയപ്പെടുന്നു. പൊതുവെ ഏറ്റവും തിരക്കനുഭവപ്പെടാറുള്ളത് കര്‍ക്കിടകം, തുലാം, കുംഭം, മേടം മാസങ്ങളിലെ അമാവാസികള്‍ക്കാണ്. ഒരു ചന്ദ്രമാസത്തിലെ 28 ദിവസങ്ങളില്‍ നമ്മുടെ വെളുത്തപക്ഷം പിതൃക്കള്‍ക്ക് രാത്രിയും, കറുത്തപക്ഷം പകലുമാണ്. പിതൃക്കളുടെ മദ്ധ്യാഹ്നം നമ്മുടെ അമാവാസിയിലായതിനാല്‍ പിതൃക്കള്‍ക്ക് നല്‍കുന്ന ബലിയും പൂജകളുമെല്ലാം അമാവാസികളിലാവുന്നത് നല്ലതാണ്. പിതൃക്കള്‍ക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കര്‍ക്കിടകത്തിലേത്. പിതൃയജ്ഞത്തെ ദേവസാന്നിദ്ധ്യം കൊണ്ട് സമ്പുഷ്ടമാക്കുന്ന ഏകദിനമാണ് കര്‍ക്കിടക മാസത്തിലെ അമാവാസി. തദ്ദിനത്തില്‍ ദേവന്മാരുടെ മധ്യാഹ്ന വേളയോടൊപ്പം പിതൃക്കളുടെ മധ്യാഹ്ന വേളയും ഒത്തുചേരുന്നു. രണ്ടുകൂട്ടരും ഭക്ഷണ സ്വീകരണത്തിന് സജ്ജരായിരിക്കുന്നു. അങ്ങനെയുള്ള ഓരേയൊരു ദിനമാണ് കര്‍ക്കിടക അമാവാസി. അതിനാല്‍ പിതൃബലി ദേവസാന്നിദ്ധ്യത്തോടെ നടത്താന്‍ ഇത്ര ഉത്തമമായ സമയം വേറെയില്ല. അതുകൊണ്ടാണ് കര്‍ക്കിടക വാവുബലിക്ക് മറ്റ് അമാവാസികളേക്കാള്‍ പ്രാധാന്യമേറുന്നത്.
വിഷു ആഘോഷം
തെക്കന്‍കാശിയെന്നറിയപ്പെടുന്ന ശ്രീ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവമാണ് വിഷു. ഈ മഹാക്ഷേത്രത്തെ ക്കുറിച്ചോര്‍ത്താല്‍ ത്തന്നെ ഗയാശ്രാദ്ധം ഊട്ടിയ ഫലമാണെന്നാണ് ഐതീഹ്യം. അപ്പോള്‍ കണിയായി പെരുമാളെ ദര്‍ശ്ശിക്കാന്‍ കഴിഞ്ഞാലുള്ള ഭാഗ്യം പറയേണ്ടതില്ലല്ലൊ! അത്രയ്ക്കും പ്രധാനമാണ് ശ്രീ തിരുനെല്ലി ക്ഷേത്രത്തിലെ വിഷുക്കണി.
വിഷു എന്നാല്‍ തുല്യമായത് എന്നര്‍ത്ഥം. രാവും പകലും തുല്യമായ ദിനമാണ് മേടം1. നരകാസുരനെ വധിച്ച് ഭഗവാന്‍ ശ്രീകൃഷണന്‍ ഭൂമിയില്‍ ധര്‍മ്മം പുന:സ്ഥാപിച്ച ദിനമാണ് വിഷുവായി ആഘോഷിക്കുന്നതെന്നാണ് ഐതീഹ്യം. മേടമാസത്തിന് മുന്‍പ് തന്നെ തിരുനെല്ലിക്കാട് മുഴുവന്‍ കണിക്കൊന്ന പൂത്തുലഞ്ഞ് നില്‍ക്കും. തിരുനെല്ലി മുഴുവന്‍ പൊന്‍നിറം ചാലിച്ച് കണിക്കൊന്ന പൂത്ത് നില്‍ക്കുന്നത് വിഷുവിന്‍റെ നിറസാന്നിദ്ധ്യമാണ്. വയനാട്ടില്‍ നിന്നും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നുപോലും വിഷുക്കണി ദര്‍ശിക്കാന്‍ ആളുകള്‍ എത്തിചേരാറുണ്ട്. തിരുനെല്ലിയിലെ വിഷു ഉത്സവത്തിന്‍റെ മറ്റൊരു പ്രത്യേകതയാണ് ആദിവാസി ഗോത്രവിഭാഗത്തില്‍പ്പെട്ട തേന്‍കുറുമര്‍ (കാട്ടുനായ്ക്ക-പ്രാക്തന ഗോത്രവര്‍ഗ്ഗം) വിഭാഗത്തിന്‍റെ കോല്‍ക്കളി. ഗോത്രത്തിന്‍റെയും നാടിന്‍റെയും ഐശ്വര്യത്തിനും അഭിവൃദ്ധിക്കും വേണ്ടി വഴിപാടായാണ് തേന്‍കുറുമര്‍ കോല്‍ക്കളി നടത്തുത്. വിഷുവിനു തലേദിവസമാണ് കോല്‍ക്കളി ക്ഷേത്രമുറ്റത്ത് നടക്കാറുള്ളത്. 10 മുതല്‍ 12 പേരാണ് ഓരോ സംഘത്തിലും ഉണ്ടാകാറ്. മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന വ്രതശുദ്ധിയുടെയും ചിട്ടയായ പരിശീലനത്തിന്‍റെയും പൂര്‍ണ്ണത നമുക്ക് അതില്‍ ദര്‍ശിക്കാന്‍ സാധിക്കും. ഈ ക്ഷേത്രം എത്രത്തോളം ആദിവാസി വിഭാഗവുമായും പഴമയുമായും ബന്ധപ്പെട്ടു കിടക്കുന്നുവെന്നുള്ളതിന് ഇതിലും വലിയ മറ്റൊരുദാഹരണം വെറെയില്ല. തിരുനെല്ലി എന്ന നാമോച്ചാരണത്താല്‍ ധര്‍മ്മം ലഭിക്കുമെന്നും ദര്‍ശനത്താല്‍ ധനവും പൂജനത്താല്‍ ആഗ്രഹവും കൈവരും എന്നാണ് വിശ്വാസം. ധ്യാനത്താല്‍ മോക്ഷമാണ് ലഭിക്കുക. കൊടുംപാപങ്ങള്‍ ചെയ്ത ഏത് മനുഷ്യരും ക്ഷേത്രത്തില്‍ പ്രവേശിച്ച് കഴിഞ്ഞാല്‍ പാപവിമുക്തനായി സംസാരമോഹത്തില്‍ നിന്നും മോചിതനാവുമെന്നും പറയപ്പെടുന്നു.
തലശ്ശേരിയിലെ പ്രസിദ്ധമായ തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറുന്നതിനു മുന്‍പ് തിരുനെല്ലിയില്‍ ഉത്സവം കഴിഞ്ഞ് കൊടിയിറങ്ങിയോ എന്ന് ചോദിക്കുന്ന ഒരു ചടങ്ങ് ഇന്നും നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ തിരുനെല്ലി ക്ഷേത്രത്തില്‍ നേരത്തെ കൊടിയേറ്റുത്സവം ഉണ്ടായിരുന്നു എന്നു വ്യക്തമാണ്.
വൃശ്ചികത്തിലെ തൃക്കാര്‍ത്തിക
ഗുണ്ഡിക ക്ഷേത്രത്തിലെ മറ്റൊരു പ്രധാനപ്പെട്ട ദിവസമാണ് വൃശ്ചിക മാസത്തിലെ കാര്‍ത്തിക അല്ലെങ്കില്‍ തൃക്കാര്‍ത്തിക. ഭഗവാന്‍ സുബ്രഹ്മണ്യന്‍റെ ജന്മദിനമായ ഈ ദിവസം ദീപങ്ങളുടെ ഉത്സവമായാണ് നാം ആഘോഷിക്കുന്നത്. ശ്രീമഹാദേവന്‍ തന്‍റെ മൂന്നാം തൃക്കണ്ണാല്‍ സൃഷ്ടിച്ച ആറു നക്ഷത്രങ്ങളില്‍ നിന്ന് ശ്രീപാര്‍വ്വതി ദേവി സൃഷ്ടിച്ച പുത്രനാണ് ശ്രീ സുബ്രഹ്മണ്യന്‍ എന്നാണ് വിശ്വാസം. ഈ ആറു നക്ഷത്ര കൂട്ടമാണ് കാര്‍ത്തിക നക്ഷത്രം എന്നറിയപ്പെടുന്നത്. ഈ ദിവസം ഗുണ്ഡിക ക്ഷേത്രത്തില്‍ പ്രത്യേക പൂജകളും കന്യകമാരുടെ നേതൃത്വത്തില്‍ സന്ധ്യാസമയത്ത് മണ്‍ചിരാതുകളിലും മറ്റും ദീപങ്ങള്‍ തെളിയിക്കാറുമുണ്ട്.
ധനുമാസത്തിലെ തിരുവാതിര
ശ്രീ മഹാദേവന്‍റെ സ്ഥാനമായ ഗുണ്ഡിക ക്ഷേത്രത്തിലെ പ്രധാനപ്പെട്ട ഒരു ദിവസമാണ് ധനു മാസത്തിലെ തിരുവാതിര. ഭഗവാന്‍റെ ജന്മദിനമായ ഈ ദിവസം ഗുണ്ഡികാക്ഷേത്രത്തില്‍ പ്രത്യേകം പൂജകളും മറ്റും നടത്താറുണ്ട്. സമീപവാസികളായ സ്ത്രീകളും കുട്ടികളും പ്രത്യേകിച്ച് കന്യകമാര്‍ ഈദിവസം സന്ധ്യാദീപം തെളിയിക്കാന്‍ എത്തിച്ചേരാറുണ്ട്. ദീപാലംകൃതമായ ഗുണ്ഡികക്ഷേത്രം കാണാന്‍ തന്നെ നല്ല രസമാണ്.
ഉപക്ഷേത്രങ്ങള്‍
ആകൊല്ലി അമ്മക്കാവ്, അപ്പപ്പാറ
ശ്രീ തിരുനെല്ലി ക്ഷേത്രത്തിന് ഏറ്റവും അടുത്ത് കിടക്കുന്ന ഉപക്ഷേത്രമാണ് ആകൊല്ലി അമ്മക്കാവ്. ഈ ക്ഷേത്രത്തിന്‍റെ ഉല്‍പ്പത്തിക്കു പിന്നില്‍ രസകരമായ ഒരു ഐതീഹ്യമുണ്ട്.
സന്താനലബ്ധിക്കായി ശ്രീ തിരുനെല്ലി ക്ഷേത്രത്തില്‍ പണ്ട് മുതല്‍ക്കേ നടത്തിവരുന്ന ഒരു വഴിപാടാണ് 'തൊട്ടില്‍ കുഞ്ഞ് ഒപ്പിക്കല്‍'. കുട്ടികളില്ലാത്ത ദമ്പതികള്‍ സത്സന്താനങ്ങള്‍ക്കായി ക്ഷേത്രനടയില്‍ നടത്തുന്ന പ്രത്യേക പ്രാര്‍ത്ഥനയാണിത്. ഒരിക്കല്‍ തിരുനെല്ലിയുടെ അടുത്ത പ്രദേശമായ കുടകില്‍ (തെക്കന്‍ കര്‍ണ്ണാടകയുടെ ഭാഗം) നിന്നും ഒരു സ്ത്രീ ക്ഷേത്രത്തില്‍ എത്തുകയും സന്താനലബ്ധിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്തു. പ്രാര്‍ത്ഥനാവേളയില്‍ ഭാഷയുടെ പരിമിതികൊണ്ടോ എന്തോ, കുട്ടി ഉണ്ടായാല്‍ പെരുമാള്‍ക്ക് സമര്‍പ്പിക്കാം എന്നായിരുന്നത്രേ പ്രാര്‍ത്ഥിച്ചത്. പ്രാര്‍ത്ഥിച്ച പ്രകാരം അവര്‍ക്ക് കുട്ടിയെ ലഭിക്കുകയും കുട്ടിയുമായി തിരുനെല്ലി ക്ഷേത്രത്തിലെത്തി ഭഗവാനെ വണങ്ങുകയും ചെയ്തു. എന്നാല്‍ ഭഗവാന്‍റെ ദര്‍ശനത്തോടെ ആ കുട്ടി മരണപ്പെടുകയും കുട്ടിയുടെ ആത്മാവ് ഭഗവാനില്‍ ലയിക്കുകയും ചെയ്തു. കുട്ടിയുടെ മരണത്തോടെ ആ സ്ത്രീയുടെ സമനില തെറ്റുകയും ക്ഷേത്രത്തില്‍ വെച്ച് ആത്മഹത്യ ചെയ്യുകയും ചെയ്തു. ആ പ്രേതാത്മാവ് ശല്യമാവുകയും കുപിതനായ ഭഗവാന്‍ അതിനെ തിരുനെല്ലിയില്‍ നിന്നും എടുത്തെറിയുകയും ചെയ്തു. അത് ചെന്നുവീണ സ്ഥലത്താണ് ഇന്ന് അമ്മക്കാവ് സ്ഥിതിചെയ്യുന്നത്. അവിടെ ചെന്നുവീണതിനു ശേഷം ആ പ്രേതം അവിടുത്തെ ജനങ്ങള്‍ക്ക് ശല്യമായി മാറുകയും ആറ് പേരെ വധിക്കുകയും ചെയ്തു. ആറുപേരെ വധിച്ചതിനാല്‍ ആ സ്ഥലം ആറാളെക്കൊല്ലി എന്നറിയപ്പെട്ടുവെന്നും പിന്നീടത് ലോപിച്ച് ആക്കൊല്ലി എന്നായെന്നും ഐതീഹ്യം. ക്രോധം ശമിക്കാത്ത ആ പ്രേതാത്മാവിനെ ശ്രീ ഭദ്രകാളിയില്‍ ലയിപ്പിച്ച് അമ്മയായി അവിടെ കുടിയിരുത്തുകയും അതിന്‍റെ അപേക്ഷ പ്രകാരം പെരുമാള്‍ക്കും ശിവനും അടുത്തടുത്തായി സ്ഥാനം നല്‍കുകയും ചെയ്തു. രൗദ്ര ഭാവത്തിലുള്ള ആ ദേവിക്ക് രൗദ്രത കുറയ്ക്കുതിനായി തൊട്ടുമുന്‍പില്‍ ശ്രീ അയ്യപ്പനെയും പ്രതിഷ്ഠിച്ചിട്ടുണ്ട്.
തെനവരമ്പത്ത് ഭഗവതി - ശിവ ക്ഷേത്രം
വയനാട് ജില്ലയില്‍ മീനങ്ങാടിക്കടുത്തുളള ചെമ്മണം കുഴിയിലാണ് തെനവരമ്പത്ത് ഭഗവതിക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഒരു കുന്നിന്മുകളില്‍ സ്വയംഭൂവായ ശിവനും കൂടാതെ ശ്രീരാമനും, ഗണപതിയും, അയ്യപ്പനും, നന്ദിയും. തൊട്ടടുത്ത് മുന്നൂറ് മീറ്റര്‍ മാറി മറ്റൊരു കുന്നില്‍ ശ്രീസ്വയംവര പാര്‍വതിയും ഭദ്രകാളിയും വനദുര്‍ഗ്ഗയും സ്ഥിതി ചെയ്യുന്നു. അതും ഒറ്റ ശ്രീകോവിലിലായി. അതിന് പുറമെ ആദിവാസികള്‍ ആരാധിക്കുന്ന ഗുളികന്‍ ചാമുണ്ഡിയും ഇവിടെയുണ്ട്. അതിപുരാതനമാണ് ഇൗ ക്ഷേത്രം. മനു മഹര്‍ഷിയുമായി ബന്ധപ്പെട്ടാണ് ഇൗ ക്ഷേത്രത്തിന്റെ ഐതീഹ്യം. ദേശാടന വേളയില്‍ മനു മഹര്‍ഷി ഇവിടെ വന്നപ്പോള്‍ ഒരു കുന്നില്‍ കണ്ടത് സ്വയംഭൂവായ ശിവനെയാണ്. മറുകുന്നില്‍ ഭദ്രകാളിയും, വനദുര്‍ഗ്ഗയും. പാര്‍വതി ദേവിയുടെ സാന്നിദ്ധ്യം മഹര്‍ഷിക്ക് മനസ്സിലായി. ഇതേ തുടര്‍ന്നാണ് പാര്‍വതിദേവിയുടെ പ്രതിഷ്ഠ ഇവിടെ ഉണ്ടായതെന്നാണ് ഹൈന്ദവ വിശ്വാസം. വടക്കോട്ട് മുഖമായുളളതാണ് ഇൗ ക്ഷേത്രം. പൗരാണികതയുടെ അവശിഷ്ടങ്ങള്‍ ഇപ്പോഴുമിവിടെക്കാണാം. ഇവിടെ വന്ന് തൊഴുതാല്‍ ഏത് ആഗ്രഹവും കൈവരിക്കാം എന്നൊരു വിശ്വാസവുമുണ്ട്. ഭഗവതി ക്ഷേത്രത്തില്‍ നിവേദ്യം പാകം ചെയ്ത് കിഴക്ക് ദര്‍ശനമായുളള കാളകണ്ഠ സ്വയംഭൂശിവന് നിവേദിച്ചതിന് ശേഷം മാത്രമെ പാര്‍വതിദേവിക്കും മറ്റ് ദേവതകള്‍ക്കും നിവേദ്യം അര്‍പ്പിക്കാറുളളു. ഇവിടെ പൂജാകാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ജലത്തിനും ഉണ്ട് പ്രത്യേകത. തെനഗംഗ എന്നറിയപ്പെടുന്ന തീര്‍ത്ഥ ജലമാണ് പൂജകള്‍ക്ക് ഉപയോഗിക്കുന്നത്. വയലില്‍ ഒരു കുളമുണ്ട്. അതിനോട് ചേര്‍ന്ന് ഒരു മീറ്റര്‍ ചതുരത്തില്‍ കല്‍പ്പാളികള്‍ കാെണ്ട് തീര്‍ത്ത കുഴിയില്‍ നിന്നാണ് തെനഗംഗ തീര്‍ത്ഥജലം എടുക്കുന്നത്. കുളത്തില്‍ ചെളിവെളളമാണെങ്കിലും കുഴിയിലെ തീര്‍ത്ഥം തെളിനീരാണ്. അത്ഭുതമാണിത്. കുളക്കരയില്‍ ഒരു ആല്‍മരമുണ്ട്. അതിന് ചുവട്ടിലെ നാഗപ്രതിഷ്ഠ ശ്രീരാമന്‍ പ്രതിഷ്ഠിച്ചതാണെന്നാണ് വിശ്വാസം. തെനകതിര്‍ ഇവിടെ ധാരാളമായി വിളഞ്ഞിരുന്നു. അത് കൊണ്ടാണ് തെനവരമ്പത്ത് എന്ന പേര്ഉണ്ടായതെന്നാണ് വിശ്വാസം. ഇവിടെ നിത്യപൂജയുണ്ട്. പുഷ്പാഞ്ജലി, പായസനിവേദ്യം, നാഗത്തിന് പാലും പഴവും, ഗുളികന്‍ ചാമുണ്ഡിക്ക് തേങ്ങയും പഴവും എന്നിവയാണ് പ്രധാന വഴിപാടുകള്‍. ഒരു കാലത്ത് ഇവിടെ കുളിച്ച് തൊഴല്‍ പ്രധാന വഴിപാടായിരുന്നു.
വിശേഷ ദിവസങ്ങള്‍
ശിവക്ഷേത്രത്തില്‍ ധനുമാസത്തില്‍ തിരുവാതിര , ശിവരാത്രി
മിഥുനമാസത്തിലെ ചോതി നക്ഷത്രത്തില്‍ പ്രതിഷ്ഠാദിനം
ഓണം,വിഷു, തുലാം പത്ത്- ഭഗവതിക്ഷേത്രത്തില്‍ വൃശ്ചിക മാസത്തില്‍ രണ്ടാം (2) തീയതിയും ധനുമാസത്തില്‍ പതിനൊന്നാം (11) തീയതിയും ചുറ്റുവിളക്കും തൃകാല പൂജയും.
മേച്ചിലാട്ട് ശ്രീ കൃഷ്ണ ക്ഷേത്രം തരുവണ
വയനാട്ടില്‍ മാനന്തവാടി നിരവില്‍പുഴ റോഡില്‍ തരുവണയ്ക്കടുത്ത കരിങ്ങാരിയിലാണ് മേച്ചിലാട്ട് ശ്രീകൃഷ്ണക്ഷേത്രം സ്ഥിതി ചെയ്യുന്നത്. നൂറ്റാണ്ടുകള്‍ പഴക്കമുളളതാണ് ഇൗ ക്ഷേത്രം. ശ്രീ വില്ല്വമംഗലം സ്വാമിയാര്‍ക്ക് ഉണ്ടായ സ്വപ്നദര്‍ശനത്തെ തുടര്‍ന്നാണ് കൃഷ്ണശിലയില്‍ തീര്‍ത്ത കൃഷ്ണവിഗ്രഹം പ്രതിഷ്ഠിച്ചതെന്നാണ് വിശ്വാസം. ശില്‍പ്പചാതുര്യം നിറഞ്ഞുനില്‍ക്കുന്ന അതിമനോഹരവും അതേപോലെ ചൈതന്യമുളളതുമാണ് ഇവിടെയുളള ശ്രീകൃഷ്ണ വിഗ്രഹം. മറ്റെങ്ങും കാണാത്ത ഒരു പ്രത്യേകതയാണിത്. ഉണ്ണികൃഷ്ണന്‍ തന്റെ ചെറുപ്പകാലത്ത് കാലി മേച്ച് നടന്ന മേച്ചില്‍ക്കാടാണ് മേച്ചിലാട്ട് എന്നായതെന്നാണ് വിശ്വാസം. മാത്രമല്ല, കണ്ണന്റെ കാല്‍പ്പാദവും കാലികളുടെ കുളമ്പടിയും ഇന്നുമിവിടെക്കാണാം. ആനച്ചിറ എന്നൊരു ചിറയും ഇവിടെയുണ്ട്. ആന കല്ലായി മാറിയതും ഇവിടെക്കാണാം. കൃഷ്ണന്റെ കോപത്താല്‍ ആന കല്ലായി മാറിയെന്നാണ് ഐതീഹ്യം. എന്നാലിന്ന് ആനച്ചിറയും ആനപ്പാറയും സ്വകാര്യ വ്യക്തികളുടെ സ്ഥലത്താണുളളത്. തെക്കന്‍ കാശി എന്നറിയപ്പെടുന്ന ശ്രീ തിരുനെല്ലി ക്ഷേത്രത്തില്‍ പിതൃതര്‍പ്പണത്തിന് എത്തുന്നവര്‍ മേച്ചിലാട്ട് ശ്രീകൃഷ്ണന് പാല്‍പ്പായസം കഴിപ്പിക്കാറുണ്ട്. കൂടാതെ വര്‍ഷത്തിലൊരിക്കല്‍ തിരുവോണമൂട്ടും നടത്താറുണ്ട്.
വെണ്ടോല്‍ ശ്രീ മഹാവിഷ്ണു ക്ഷേത്രം 
നൂറ്റാണ്ടുകള്‍ പഴക്കമുണ്ട് ഇൗ ക്ഷേത്രത്തിന്. തിരുനെല്ലി പെരുമാളിന്റെ നിറസാന്നിദ്ധ്യം ഇവിടെ കുടി കൊളളുന്നു. പൂര്‍ണ്ണമായും ശിലയാല്‍ തീര്‍ത്തതാണ് ക്ഷേത്ര ശ്രീകോവിലും നമസ്ക്കാര മണ്ഡപവും.
ചീരാലിലെ വേണ്ടോലില്‍ നിന്ന് ഒരു സ്ത്രീ വിഷുക്കണി ദര്‍ശനത്തിനായി എല്ലാ വര്‍ഷവും പതിവായി തിരുനെല്ലിയില്‍ എത്തിയിരുന്നു. അതും കൊടും വനത്തിലൂടെ നടന്ന്. ഭഗവാനുളള കാഴ്ചദ്രവ്യമായി മുളങ്കുറ്റിയില്‍ നിറച്ച നെയ്യുമായിട്ടായിരുന്നു യാത്ര. കാലമേറെക്കടന്നപ്പോള്‍ പ്രായാധിക്യവും ക്ഷീണവും കാരണം പണ്ടത്തെപ്പോലെ യാത്ര വയ്യെന്നായി. എങ്കിലും ഭഗവാനെ തൊഴാതിരിക്കാന്‍ മനസ് വന്നില്ല. കഷ്ടപ്പെട്ടാണെങ്കിലും ഭഗവാനെ മനസില്‍ ധ്യാനിച്ച് യാത്ര തുടര്‍ന്നു. വെണ്ടേക്കും ആല്‍മരവും ഉളള സ്ഥലത്ത് എത്തിയപ്പോള്‍ ഇവര്‍ തളര്‍ന്ന് വീണു. അപ്പോഴും നിറഞ്ഞ ഭക്തിയായിരുന്നു മനസില്‍ നിറയെ. ഭക്തയുടെ നിറഞ്ഞ ഭക്തിക്ക് മുന്നില്‍ തിരുനെല്ലി പെരുമാളിന് മാറി നില്‍ക്കാന്‍ കഴിഞ്ഞില്ല. അപ്പോള്‍ത്തന്നെ പ്രത്യക്ഷനാവുകയും ഇനിമുതല്‍ ഇത്രയേറെ കഷ്ടതകള്‍ സഹിച്ച് അത്രടം വരേണ്ടതില്ലെന്നും ഇനിമുതല്‍ താന്‍ ഇവിടെത്തന്നെയുണ്ടാവുമെന്നും അരുള്‍ച്ചെയ്തു.​ വെണ്ടേക്കും ആല്‍മരവും ചേര്‍ന്ന സ്ഥലത്ത് ഭഗവാന്‍ കുടികൊണ്ടു. അങ്ങനെയാണ് ഇവിടെ ക്ഷേത്രം പണിയുന്നത്. പ്രദേശം വേണ്ടോല്‍ എന്നും അറിയപ്പെട്ടു. സുല്‍ത്താന്‍ബത്തേരി നഗരത്തില്‍ നിന്ന് ഏഴ് കിലോമീറ്റര്‍ അകലെയാണ് ക്ഷേത്രം. പഴൂര്‍ ജംഗ്ഷനില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ ദൂരമുണ്ട് ക്ഷേത്രത്തിലേക്ക്.
പ്രധാന വഴിപാടുകള്‍
പാല്‍പ്പായസം, നെയ്വിളക്ക്, മംഗല്യസൂക്ത പുഷ്പാഞ്ജലി, വിദ്യാസൂക്ത പുഷ്പാഞ്ജലി, സല്‍സന്താനസൂക്ത പുഷ്പാഞ്ജലി, ഗണപതി ഹോമം, മണ്ഡലവിളക്ക്
പ്രതിഷ്ഠാദിന മഹോത്സവം മെയ് 29 മീനമാസത്തിലെ പൂരം നാള്‍ ഭഗവതിക്ക് പൊങ്കാല സമര്‍പ്പണം
തിരുനെല്ലി ശ്രീ മഹാവിഷ്ണു ക്ഷേത്ര പൂജ സമയ വിവരം
5.30 am അഭിഷേകം
6.00 am ഗണപതി ഹോമം (ക്ഷേത്രത്തില്‍), പാപനശിനിയില്‍ പിതൃ കര്‍മ്മം
7.00 am - പിതൃ പൂജ ശേഷം ഉഷപൂജ
8.00 am - ഉഷശീവേലി
ശേഷം ഗുണ്ഡിക ക്ഷേത്രത്തില്‍ പൂജ
9.30 am - പന്തീരടി പൂജ
തുടര്‍ന്നു ദൈവത്താര്‍ മണ്ഡപ പൂജ
11.00am - നാവകാഭിഷേകം
11.30am - ഉച്ചപൂജ - തുടര്‍ന്നു ശീവേലി
12.30pm - നട അടക്കല്‍
5.30pm - നട തുറക്കല്‍
6.30pm - ദീപാരാധന
ശേഷം ബലിക്കല്‍ പുരയില്‍ പ്രാര്‍ഥന
7.30pm - അത്താഴ പൂജ - ശീവേലി
8.00pm - നട അടക്കല്‍

Comments

Popular posts from this blog

കരിന്തണ്ടനും ചങ്ങലമരവും

കമ്പളനാട്ടി